Saturday, April 26, 2008

കഥ പറയാതിരിക്കുമ്പോള്‍...!!

സമീപകാലത്തെ മലയാളസിനിമ കാണുന്നവരില്‍ നിന്നും സാധാരണയായി കേള്‍ക്കാറുള്ള പരാതികളില്‍ ചിലത്‌ സിനിമയ്ക്ക്‌ കഥയില്ല, അല്ലെങ്കില്‍ കഥയ്ക്ക്‌ പുതുമയില്ല എന്നൊക്കെയാണ്‌. സിനിമ ഒരു ആഖ്യാനമാണെന്ന് ഏവരും അംഗീകരിക്കുന്ന കാര്യമാണെന്നു തോന്നുന്നു. എന്നാല്‍ സിനിമ എന്ന ഒരു narrative narrate ചെയ്യുന്നത്‌ കഥ തന്നെയാവണമെന്നുണ്ടോ? നിയതമായ ഒരു plot അഥവാ കഥ ഇല്ലാതെ ഫീച്ചര്‍ സിനിമ സാധ്യമാണോ? ഫീച്ചര്‍ ഫിലിം എന്ന സംജ്ഞക്ക്‌ മുമ്പുള്ള അര്‍ത്ഥത്തില്‍ നിന്നു വ്യതിചലിച്ച്‌ ഇന്ന് ആ പദം, ഒരു സിനിമയുടെ സമയദൈര്‍ഘ്യത്തെമാത്രം കുറിയ്ക്കുന്നു. ഒന്നിലധികം കഥകള്‍ പറയുന്ന സിനിമകള്‍ ഒരുപാട്‌ ഉണ്ടായിട്ടുണ്ട്‌. പല സിനിമകളിലും പ്രതിപാദ്യവിഷയമാകുന്ന കാലദൈര്‍ഘ്യം, സ്ഥലം എന്നിവ വ്യത്യസ്ഥമായിരിക്കും. എന്നാല്‍ നിയതമായ ഒരു കഥയോ, എടുത്തുപറയാവുന്ന കഥാപാത്രങ്ങളോ, കൃത്യമായ കാലഗണനയോ ഇല്ലാത്ത രണ്ടു സിനിമകള്‍ അടുത്തിടെ കാണാനിടയായി. അവയുടെ വര്‍ത്തമാനമാണ്‌ ഈ കുറിപ്പ്‌.






സ്വീഡിഷ്‌ സംവിധായകനായ റോയ്‌ ആന്‍ഡേഴ്‌സന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തെക്കുറിച്ച്‌ ആസ്വാദനമെഴുതുക എളുപ്പമുള്ള കാര്യമല്ല. Du Levande എന്നാല്‍ You, the living എന്നാണര്‍ത്ഥം. സിനിമ കാഴ്ചപ്പെടുത്തുന്നതും അതു തന്നെ, ജീവിതം; അതിന്റെ ഭിന്നമുഖങ്ങള്‍, നിസ്സാരത, സംഘര്‍ഷങ്ങള്‍, വിശ്വാസങ്ങള്‍, സ്വപ്നങ്ങള്‍, ഉത്‌കണ്ഠകള്‍, പരാതികള്‍, വിലാപങ്ങള്‍, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ആഗ്രഹം...അങ്ങനെയെന്തെല്ലാം. 86 മിനിറ്റുള്ള ഈ സിനിമ 57-ഓളം വ്യത്യസ്ഥ ദൃശ്യഖണ്ഡങ്ങളുടെ(vignettes) ഒരു സമാഹാരമാണ്‌. മിക്കവാറും ഖണ്ഡങ്ങള്‍ സ്ഥായിയായ കാമറയില്‍, ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ചവയാണ്‌. ഇവയില്‍ ചില രംഗങ്ങളൊക്കെ പൊതുവായ ചില കഥാപാത്രങ്ങളുടെയും തുടര്‍ച്ചയുള്ള ആശയത്തിന്റെയും സാനിധ്യത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. മറ്റു സീനുകള്‍ക്കൊന്നും പരസ്പരബന്ധമില്ല. മുഖ്യകഥാപാത്രങ്ങളില്ലാത്ത, കഥാപാത്രങ്ങള്‍ പല സീനുകളിലും മാറി വരുന്ന ഈ ചിത്രത്തില്‍ ആ കഥാപാത്രങ്ങള്‍ക്ക്‌ പൊതുവിലുള്ളത്‌ ആള്‍ക്കൂട്ടത്തിനു നടുവിലും അവര്‍ അനുഭവിക്കുന്ന ഏകാന്തതയാണ്‌.




ജീവിതത്തിന്റെ ബഹുമുഖമായ സങ്കീര്‍ണ്ണതകളില്‍ നമുക്ക്‌ അല്‍പമെങ്കിലും രക്ഷയാവുന്നത്‌ സെന്‍സ്‌ ഓഫ്‌ ഹ്യൂമര്‍ മാത്രമാണെന്ന തിരിച്ചറിവിനെ അടിവരയിടുന്നവണ്ണം സിനിമയിലുടനീളം അല്‍പം കറുത്തതെങ്കിലും ഹാസ്യത്തിന്റെ അടിയൊഴുക്ക്‌ കാണാം. ഒരുദാഹരണം പറയാം. കമനീയമായ രീതിയില്‍ അലങ്കരിച്ച്‌ ഒരു വലിയ മേശയില്‍ ഒരു സദ്യ ഒരുക്കിയിരിക്കുന്നു. കുറെപ്പേര്‍ ഭക്ഷിക്കാനൊരുങ്ങി ചുറ്റിലും നില്‍ക്കുന്നു. 200 വര്‍ഷത്തോളം പഴക്കമുള്ള സ്ഫടികപാത്രങ്ങളാണതൊക്കെ എന്ന് ആതിഥേയ പലതവണ ആവര്‍ത്തിക്കുന്നുണ്ട്‌. മധ്യവയസുപിന്നിട്ട ഒരാള്‍ വളരെ പതിയെ മേശവിരിയുടെ ചെറിയ ചുളിവുകള്‍ പോലും മാറ്റുന്നു. ഒടുവില്‍ അയാള്‍തന്നെ മേശവിരിയുടെ ഒരരികില്‍ പിടിച്ച്‌ ഒരുക്കി വെച്ച സദ്യയാകെ തറയിലേക്ക്‌ വലിച്ചിടുന്നു. നഗ്നമായ മേശപ്പുറത്ത്‌ സ്വസ്തികയുടെ അടയാളം ദൃശ്യമാകുന്നു.(നാസിസത്തിന്റെ കാലത്ത്‌ സ്വീഡനിലെ മധ്യവര്‍ഗക്കാര്‍ ഹിറ്റ്‌ലറെ പിന്തുണച്ചിരുന്നു എന്നതിന്റെ സൂചനയാകാം ഇത്‌). അടുത്ത രംഗത്തില്‍ പ്രസ്തുതകുറ്റത്തിന്‌ ആ മനുഷ്യനെ വധശിക്ഷക്ക്‌ വിധിക്കുന്നു. വൈദ്യുതകസേരയിലിരിക്കുന്ന അയാളുടെ ദേഹത്ത്‌ ഇലക്ട്രോഡുകളൊക്കെ ഘടിപ്പിച്ച്‌ മരണത്തിനായൊരുക്കുന്നു ഒരുദ്യോഗസ്ഥന്‍. പെട്ടെന്ന് കരച്ചിലടക്കാന്‍ കഴിയാതെ വരുന്ന അയാളോട്‌ ഉദ്യോഗസ്ഥന്‍: മറ്റ്‌എന്തെങ്കിലും ആലോചിക്കൂ...!




"all human communications are miscommunications" എന്ന ആശയം അവതരിപ്പിച്ചത്‌ ആസ്ത്രിയന്‍ തത്വചിന്തകനായിരുന്ന വിറ്റ്‌ഗന്‍സ്റ്റീന്‍ ആയിരുന്നു. ഈ ആശയത്തെ പിന്തുണക്കുന്നതു പോലെയാണ്‌ ഈ സിനിമയിലുടനീളം സംവിധായകന്‍ സൂക്ഷിക്കുന്ന, സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന ആഖ്യാനശൈലി. ഇവിടെ കഥാപാത്രങ്ങള്‍ മറ്റൊരാളിലേക്ക്‌ എത്താന്‍ ശ്രമിക്കുമ്പോഴും തങ്ങളിലേക്കെത്താന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തുന്നു. ബുനുവലിന്റെ അതിപ്രശസ്തമായ The Discreet Charm of the Bourgeoisie-യിലേതു പോലെ ഏതെങ്കിലുമൊരു കഥാപാത്രം ഞാനൊരു സ്വപ്നം കണ്ടു എന്നു പറയുമ്പോഴെല്ലാം പ്രേക്ഷകനും ആ സ്വപ്നം കാണേണ്ടതുണ്ട്‌, ഈ സിനിമയിലും. ബോംബര്‍ വിമാനങ്ങളെ സ്വപ്നം കാണുന്ന പ്രായമായ മനുഷ്യനും, യുവാവായ റോക്ക്‌ താരത്തെ വിവാഹം ചെയ്തതായി കണ്ട സ്വപ്നം ആരോടെന്നില്ലാതെ ക്യാമറയിലേക്കു നോക്കി വിശദീകരിക്കുന്ന യുവതിയുമെല്ലാം സ്വപ്നം/യാഥാര്‍ത്ഥ്യം എന്ന ദ്വന്ദത്തെ ചിന്തയ്‌ക്കായി അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അന്തരീക്ഷം സ്വീഡനിലാനെങ്കിലും ലോകത്തെവിടെയുമുള്ള മനുഷ്യന്റെ ആകുലതകളെ അത്‌ സ്വാംശീകരിക്കുന്നുണ്ട്‌. മങ്ങിയ നിറങ്ങളും വിളറിയ കഥാപാത്രങ്ങളുമുള്ള ഈ ചിത്രം നമ്മെ മനുഷ്യന്മാരാക്കുന്നതെന്താണെന്ന അന്വേഷണത്തിലേക്കുള്ള യാത്രയാണ്‌. ഒരു പക്ഷെ, നാം ജീവിക്കുന്നു എന്നു മനസ്സിലാക്കുന്നതും ഇങ്ങനെയൊക്കെയാവാം.




ഈ ചിത്രം പ്രശസ്തമായ കാനിലെ ചലചിത്രമേളയില്‍ മത്സരവിഭാഗത്തിനു പുറമെയുള്ള 'Un certain regard' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.






1960-ല്‍ ഇസ്രയേലിലെ നസറേത്തില്‍ ജനിച്ച, ഇന്ന് പാലസ്തീനിലെ രമള്ളയില്‍ സിനിമ പഠിപ്പിക്കുന്ന ഏലിയ സുലൈമാന്‍, പാലസ്തീന്‍-ഇസ്രയേല്‍ തര്‍ക്കത്തെ ഉപജീവിച്ച്‌ നിര്‍മ്മിച്ച ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍സ്‌, ഒരേസമയം സങ്കീര്‍ണ്ണവും സുതാര്യവുമാണ്‌. മനോഹരമായി ചിത്രീകരിച്ച ദൃശ്യങ്ങളും, മികച്ച സംഗീതവും, ഹാസ്യവും, ആക്ഷനുമൊക്കെയുണ്ടെങ്കിലും ഈ സിനിമയിലും നിയതമായ കഥയോ നായകനോ നായികയോ ഇല്ല...ഒരു പക്ഷെ, സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലെ ജീവിതങ്ങളെ അടയാളപ്പെടുത്തുന്നതിനാല്‍ ആ അന്തരീക്ഷം തന്നെ ഇവിടെ മുഖ്യകഥാപാത്രമാകുന്നു. ഇടയ്ക്കിടെ ഉപരിതലത്തിലേക്കു വരുന്ന കറുത്ത ഹാസ്യം നമ്മെ ചിരിപ്പിക്കുക എന്നതിലുപരി അവ പ്രത്യക്ഷമാക്കുന്ന ആശയം സംഘര്‍ഷപൂര്‍ണ്ണമായ ജീവിതത്തില്‍ ഹാസ്യാത്മകമായ എന്തിനോടും രൂപപ്പെടുന്ന ഇമ്യൂണിറ്റിയും വൈകാരികമായ യാഥാര്‍ത്ഥ്യങ്ങളോടുള്ള നിര്‍മമതയും വെളിവാക്കുന്നു. ഒരുപക്ഷെ നിര്‍വികാരത തന്നെയാണ്‌ ചിത്രത്തിലുടനീളം സംവിധായകന്‍ പുലര്‍ത്തുന്ന മനോഭാവവും.




ചിത്രം ആരംഭിക്കുന്നതു തന്നെ ബെത്‌ലെഹേമില്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ഒരു സാന്താക്ലോസിനെ പിന്തുടരുന്ന സീനോടെയാണ്‌. സാന്താ താനോടുന്ന വഴിയിലാകമാനം ക്രിസ്തുമസ്‌ സമ്മാനങ്ങള്‍ വിതറുന്നു. തന്നെ പിന്തുടരുന്നവരില്‍ നിന്നും രക്ഷപ്പെടാനായി ഒരു ദേവാലയത്തില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന അയാളെ അവര്‍ കൊലപ്പെടുത്തുന്നു. ഈ സിനിമ കഥയൊന്നും പറയുന്നില്ലെങ്കിലും പല കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും പല സീനിലും ആവര്‍ത്തിക്കുന്നുണ്ട്‌. സംവിധായകന്‍ തന്നെ അവതരിപ്പിക്കുന്ന, ഇസ്രയേല്‍ക്കാരനായ E.S എന്ന കഥാപാത്രം അതിര്‍ത്തിയില്‍ വെച്ച്‌, അതിര്‍ത്തിഭടന്മാരുടെ കണ്ണു വെട്ടിച്ച്‌ പാലസ്തീന്‍കാരിയായ കാമുകിയുമായി സന്ധിക്കുന്ന രംഗം പലതവണ ആവര്‍ത്തിക്കുന്നു. പരസ്പരം തലോടുന്ന അവരുടെ കൈകള്‍ മാത്രം ഒരു സമീപദൃശ്യത്തിലൂടെ കാഴ്ചപ്പെടുത്തുന്ന ഈ സമാഗമരംഗങ്ങള്‍ ഇതുവരെ ഒരു സിനിമയില്‍ ദൃശ്യമായതില്‍ ഏറ്റവും ഇറോട്ടിക്‌ എന്നു വിശേഷിപ്പിക്കാവുന്നവയാണ്‌. സര്‍റിയലിസ്റ്റിക്‌ എന്നു വിളിക്കാവുന്ന ഒട്ടനവധി രംഗങ്ങള്‍ ഈ സിനിമയിലുണ്ട്‌. ഒരു സീനില്‍ അതിര്‍ത്തി ഭേദിച്ച്‌ ഒരു റാമ്പിലെന്ന പോലെ cat walk നടത്തുന്ന സുന്ദരിയെ പട്ടാളക്കാര്‍ വെറുതെ മിഴിച്ച്‌ നോക്കി നില്‍ക്കുന്നു. മറ്റൊരു സീനില്‍ ഒരു മുസ്ലിം സ്ത്രീയെ ലക്ഷ്യമായി വെച്ച്‌ നൃത്തസമാനമായ ചുവടുകളോടെ വെടി വെച്ച്‌ പരിശീലിക്കുന്നു. തുടര്‍ന്നു വരുന്ന രംഗങ്ങള്‍ കാഴ്ചയ്ക്കു മാത്രമേ വിശദീകരിക്കാനാകൂ. ആശുപത്രിയില്‍ കിടക്കുന്ന ഹൃദ്‌രോഗി, രാത്രിയില്‍ തന്റെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള monitoring equipments എല്ലാം വേര്‍പെടുത്തി, പുറമെ വന്ന് പുക വലിച്ച ശേഷം പോയി കിടക്കുന്നു. (ഈ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു സ്റ്റാഫും നിര്‍ത്താതെ പുക വലിക്കുന്നവരാണ്‌.) സുലൈമാന്‍ സിനിമയില്‍ ദൃശ്യവത്‌കരിക്കുന്ന ചില കറുത്ത രംഗങ്ങള്‍ ഹിറ്റ്‌ലറുടെ concentration campകളെ ഓര്‍മ്മിപ്പിക്കുന്നു. ജൂതന്മാര്‍ തങ്ങള്‍ നാസികളില്‍ നിന്നും അനുഭവിച്ചത്‌ തങ്ങള്‍ക്ക്‌ ഭൂമി നല്‍കിയവരെ അനുഭവിപ്പിക്കുന്നു.




ഈ സിനിമയിലെ രംഗങ്ങളെല്ലാം വളരെ പ്രതീകാത്മകമാണ്‌. ആവര്‍ത്തിച്ചു വരുന്ന മറ്റൊരു രംഗത്തില്‍ ഒരാള്‍ ഒരു ബസ്റ്റോപ്പില്‍ ബസ്‌ കാത്ത്‌ നില്‍ക്കുന്നു. മറ്റൊരാള്‍ വന്ന് 'ബസില്ല' എന്നു പറയുമ്പോള്‍ ആദ്യത്തെയാള്‍ എനിക്കറിയാം എന്നു മാത്രം പറയുന്നു. ഇത്തരം രംഗങ്ങള്‍ മൊത്തം സമൂഹത്തിന്റെയും പ്രത്യാശ നശിച്ച മാനസികാവസ്ഥയെ അടയാളപ്പെടുത്തുന്നു. മികച്ച അന്യഭാഷാ ചിത്രത്തിനുള്ള ഓസ്കാറിന്‌ നോമിനേഷന്‍ ലഭിച്ചിരുന്നു ഈ ചിത്രത്തിന്‌; പിന്നീട്‌ പാലസ്തീന്‍ സ്വതന്ത്രരാഷ്ട്രമല്ല എന്ന വാദത്തില്‍ മത്സരത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുകയുണ്ടായി. കാന്‍ ചലചിത്രമേളയുടെ രാഷ്ട്രീയം ഹോളിവുഡിന്റെ രാഷ്ട്രീയത്തെക്കാള്‍ വ്യത്യസ്ഥമായതിനാല്‍ കാനിലെ മികച്ച ചിത്രങ്ങളുടെ ഗണമായ മത്സരവിഭാഗത്തില്‍ തന്നെ ഇടം കിട്ടുകയും രണ്ട്‌ ജൂറി പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തു.






വാല്‍ക്കഷ്ണം: ഈ വര്‍ഷത്തെ സംസ്ഥാന ചലചിത്ര അവാര്‍ഡുകളില്‍ നിന്നും അടൂരിന്റെ 'നാലു പെണ്ണുങ്ങള്‍' നിഷ്കരുണം തഴയപ്പെട്ടതിനു കാരണം ചിത്രത്തിലെ നാലു വ്യത്യസ്ഥ കഥാതന്തുക്കള്‍ തമ്മില്‍ ബന്ധമൊന്നും കണ്ടെത്താന്‍ ജൂറിക്കായില്ല എന്നതായിരുന്നു.

11 comments:

t.k. formerly known as thomman said...

സിനിമയില്‍ ആദിമധ്യാന്തമുള്ള കഥ പറയണമെന്നു നിര്‍ബന്ധമുണ്ടെന്നു തോന്നുന്നില്ല. പക്ഷേ, സിനിമയില്‍ കാണിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് തമ്മില്‍ എന്തെങ്കിലും ബന്ധം വേണ്ടേ? (ഈ സിനിമകള്‍ കാണാത്തതുകൊണ്ട് ഇതെക്കുറിച്ചെനിക്ക് കൂടുതല്‍ പറയാന്‍ പറ്റില്ല.)

എല്ലാം പ്രതീകാത്മകമാക്കി, സിനിമ കാണലിന്നെ ബുദ്ധിപരമായ ഒരഭ്യാസമാക്കി മാറ്റുന്നതിനോടും എനിക്കെതിര്‍പ്പു തന്നെ.

അടൂരിന്റെ “4 പെണ്ണുങ്ങള്‍”ക്ക് കിട്ടിയ അവഗണന എനിക്കിഷ്ടപ്പെട്ടു. താനെന്തു പടച്ചുവിട്ടാലും അവാര്‍ഡു കിട്ടും എന്ന അഹന്തക്കൊരു തട്ട്.

രാജ് said...

ഫാസിസം ഒളിഞ്ഞും തെളിഞ്ഞും മനോഹരമായ സ്ഫടികപാത്രങ്ങളില്‍ വിരുന്നായും അരങ്ങൊരുക്കുമ്പോള്‍ കമനീയതകളുടെ,പുരാതനമായ ആഢ്യതകളുടെ ഉള്ളറകളില്‍ നിന്ന് സ്വസ്തിക പുറത്തിടുന്നവരെ നവഫാസിസം ചിത്രവധം ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

Du Levande ആകര്‍ഷിക്കുന്നു.

Roby said...

തൊമ്മന്‍,
സിനിമ ബുദ്ധിപരമായി അഭ്യസിക്കുന്നവര്‍ അങ്ങനെ ചെയ്തോട്ടെ എന്നു വിടുന്നതും ബുദ്ധിയല്ലേ..:)

പിന്നെ, അടൂരിന്റെ അഹന്ത, അത് നമ്മള്‍ ചിന്തിച്ചുണ്ടാക്കുന്നതല്ലേ. അടൂര്‍ സിനിമയെടുക്കാന്‍ തുടങ്ങുമ്പോഴേ ആളുകള്‍ പറയും അവാര്‍ഡ് കിട്ടാനാണെന്ന്. വിധേയനു ശേഷം തന്റെ സിനിമകള്‍ മികച്ച ചിത്രം, സം‌വിധായകന്‍, തിരക്കഥ എന്നീ അവാര്‍ഡുകള്‍ക്ക് പരിഗണിക്കേണ്ട(മറ്റ് ടെക്നിക്കല്‍ വിഭാഗങ്ങളില്‍ പരിഗണിക്കാം) എന്നു പറഞ്ഞപ്പോഴും മലയാളി പറഞ്ഞു, അത് ജാഡയാണെന്ന്.

ഇത്തവണ അവാര്‍ഡ് പ്രഖ്യാപനത്തിനു ശേഷം അടൂര്‍ തന്റെ ചിത്രത്തിനു കിട്ടാത്തതില്‍ ഒരു പരാതിയും പറഞ്ഞില്ലല്ലോ. അവാര്‍ഡ് കിട്ടാത്തതിന് കൊതിക്കെറുവ് പറയാത്ത ഏതു സിനിമാ പ്രവര്‍ത്തകനുണ്ട് കേരളത്തില്‍? മോഹന്‍‌ലാലിന്റെ കാലാപാനിക്ക് അവാര്‍ഡ് കിട്ടാത്തതു കൊണ്ട് ഉര്‍വശി ഫീല്‍ഡില്‍ നിന്നും ഔട്ടായത് ചരിത്രം...:)

രാജ്, നവഫാസിസ്റ്റ് ഞാനോ അതോ റോയ് ആന്‍ഡേഴ്‌സണോ? :)

വായനക്കു നന്ദി.

Rajeeve Chelanat said...

ജീവിതത്തിന്റെ ഒരു ഖണ്ഡം എന്ന മട്ടിലും കാണാവുന്നതേയുള്ളു സിനിമയെ.

കഥാപാത്രങ്ങളും സംഭവങ്ങള്‍‌പോലും ആവര്‍ത്തിച്ചുവരുമ്പോഴും പരസ്പരബന്ധമില്ലാത്തതെന്നു തോന്നിയേക്കാം. ആവര്‍ത്തിച്ചുവരുന്ന ബിംബങ്ങളും കഥാതന്തുവുമില്ല്ലെങ്കിലും, ചിലപ്പോള്‍ ഒരു continuity (തുടര്‍ച്ച) അനുഭവപ്പെടുക്കയും ചെയ്തേക്കാം.

സിനിമയുടെ ‘മുഴുനീള‘ത്തില്‍ മറഞ്ഞുകിടക്കുന്ന രാഷ്ട്രീയമാ‍യിരിക്കണം കാഴ്ചയുടെ ഈ വിവിധ ഇല്ല്യൂഷനുകളുടെ പിന്നില്‍ (പ്രേക്ഷകനിലും) പ്രവര്‍ത്തിക്കുന്നത്.

നല്ല സിനിമകളെ പരിചയപ്പെടുത്തുന്നതിനു നന്ദി.

അഭിവാദ്യങ്ങളോടെ

വെള്ളെഴുത്ത് said...

ഋജുവായ ഒരാഖ്യാനശൈലി എന്ന സങ്കല്പത്തെ തകര്‍ത്തതിനാണ് കഴിഞ്ഞവര്‍ഷത്തെ ഒപ്പു ചിത്രത്തെ നമളെല്ലാം കൂടി കൂവിയിരുത്തിയത്. എങ്ങനെയാണെങ്കിലും ആസ്വാദ്യമാവുന്നുണ്ടോ എന്നു കൂടി നോക്കേണ്ടതുണ്ട്. തായിലാന്റിന്റെ ചില ചിത്രങ്ങളുടെ മന്ദത എന്തു ഭീകരം! മടുപ്പുകൊണ്ട് ഭ്രാന്ത് പിടിക്കും. ഇവിടെ വര്‍ണ്ണിച്ച, മേശപ്പുറത്തു നിന്ന് ആഹാരങ്ങള്‍ വിരിപ്പുമാറ്റി താഴെയിടുന്ന രംഗം നല്ല പരിചയം തോന്നു. ഈ സിനിമ തന്നെ കണ്ടതാണോ ആവോ ആര്‍ക്കറിയാം. !

Unknown said...

പണ്ട് പെഡ്രോപരാമ എന്ന മനോഹരമായ,എന്നാല്‍ സങ്കീര്‍ണ്ണമായ നോവല്‍ ആദിമദ്ധ്യാന്തരീതിയില്‍ തിരുത്തിയെഴുതാന്‍ ശ്രമിച്ച ഒരു ലാറ്റിന്‍ അമേരിക്കന്‍ യുവാവിനെക്കുറിച്ച് മാര്‍കേസ് പറയുന്നുണ്ട്..വളരെ വര്‍ഷങ്ങള്‍ക്കുശേഷം അയാള്‍ വിജയിച്ചു..അയാളെ കയ്യില്‍ കിട്ടിയാല്‍ അക്കാലത്ത് ആരും കൊന്നുകളഞ്ഞേനെ എന്ന് മാര്‍കേസ്.
ഒന്നും അത്ര ലളിതമല്ല എന്ന് അറിയുന്നതാകും വിവേകം.
അല്ലെങ്കില്‍,ലാളിത്യം എന്നത് സങ്കീര്‍ണ്ണതകളുടെ ഒരു പരിഹാരം മാത്രം

സിനേമ \ cinema said...

നല്ല ബ്ലോഗ്.ഇപ്പോളാണ് കാണാന്‍ കഴിഞ്ഞത്.ആശംസകള്‍

Myth Maker said...

I watched a great Movie Post man recently... It was nice.

bUT think, Adoor's Frames in the Film Naalu pennungal was simply amzing.. It shines over Post man..!

Sanal Kumar Sasidharan said...

അടൂരിന് ശരാശരി മലയാളിയോടും മലയാളിക്ക് അടൂരിനോടും ഒരു ആശയക്കുഴപ്പമുള്ള തിരിച്ചറിവുണ്ട്.ഒരിക്കൽ (1998 ൽ)കോട്ടയത്തു വച്ച് മലയാള മനോരമ ഒരു ചലച്ചിത്രക്യാമ്പ് സംഘടിപ്പിച്ചിരുന്നു,കേരളത്തിലങ്ങോളമിങ്ങോളമുള്ള കാമ്പസുകളിൽ നിന്നും തിരഞെടുത്ത ചലച്ചിത്രാസ്വാദൻക്ഷമതയുള്ള 40 വിദ്യാർത്ഥികളായിരുന്നു പങ്കെടുത്തിരുന്നത്.അടൂരിന്റെ വിധേയനും പ്രദർശനത്തിനും ചർച്ചക്കും ഉണ്ടായിരുന്നു.മറ്റെല്ലാ സിനിമകളെയും വിദ്യാർത്ഥികൾ അച്ചാലും മുച്ചാലും കീറിമുറിച്ചു.വിധേയൻ പ്രദർശിപ്പിച്ച് ചർച്ച തുടങ്ങാൻ നേരം അടൂർ ഒരു പ്രസ്താവന നടത്തി.നിങ്ങൾ സിനിമയെ വിമർശിക്കാറൊന്നുമായിട്ടില്ല.വല്ല സംശയവുമുണ്ടെങ്കിൽ ചോദിക്ക് പറഞ്ഞുതരാം എന്ന്...
വല്ലാത്തൊരു മൌനമായിരുന്നു ചർച്ച എന്ന് പറയേണ്ടതില്ലല്ലോ...

Sanal Kumar Sasidharan said...

നേർക്കാഴ്ച എന്നായിരുന്നു ക്യാമ്പിന്റെ പേര്..അടൂരിന്റെ കാര്യത്തിൽ നേർക്കാഴ്ചയായിരുന്നു.അങ്ങോട്ടും ഇങ്ങോട്ടും വെറുതേ നോക്കിയിരിക്കുന്നു.സംവാദമില്ല.ഓ..ഇയാൾക്ക് വലിയ അഹങ്കാരമാണെന്ന് നമ്മളും..ആ..ഇവന്മാരൊക്കെ ആരാ എന്ന് അയാളും :)

Anonymous said...

സിനിമയെന്നാല്‍ കഥപറച്ചിലാണ് എന്ന കഥയില്ലായ്മയാണ് നമ്മളിലേറെപ്പേര്‍ക്കും. പണ്ട്, ഒരാള്‍ സിനിമ കണ്ടുവന്ന് കൂട്ടുകാര്‍ക്ക് അതിന്റെ കഥ പറഞ്ഞുകൊടുക്കും. അതോടെ അതു കാണാനുള്ള കൌതുകവുമില്ലാതാവും.