സിനിമയിലെ അഭിനയം തിയറ്റര്‍ അഭിനയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് എന്നതു കൊണ്ടു തന്നെ സിനിമാഭിനയത്തിലെ പല രീതികളും തിയറ്ററിനോടു കടപ്പെട്ടിരിക്കുന്നു. സിനിമാഭിനയത്തില്‍ പ്രധാനമായി രണ്ട് രീതികളാണുള്ളത്.
1.Substitution
കഥാപാത്രത്തിന്റെ സ്വഭാവത്തിലെ പ്രധാനഘടന മനസ്സിലാക്കി, ഒരു പ്രത്യേക സാഹചര്യത്തില്‍ കഥാപാത്രം എങ്ങനെ പ്രതികരിക്കുമെന്നത് സമാനമായ സ്വന്തം ജീവിതാനുഭവങ്ങള്‍കഥാപാത്രത്തിലാരോപിക്കുന്ന രിതി. മലയാളത്തിലെ കഴിവുറ്റ നടന്മാരെല്ലാം ഈ രീതിയായിരുന്നു പിന്തുടര്ന്നത്. ഇവിടെ നടന് കഥാപാത്രത്തെ സംബന്ദ്ധിച്ചിടത്തോളം ഒരു പുറംകാഴ്ചക്കാരന് മാത്രമാകുന്നു.
2.Method Acting
ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ കഥാപാത്രമായി ജീവിക്കുക. കഥാപാത്രം ജീവിക്കെന്നതെന്നു കരുതുന്ന വൈകാരിക-ഭൗതിക സാഹചര്യങ്ങളില്‍ നടന് പ്രവേശിച്ച് കഥാപാത്രം തന്നെയാകുന്ന രീതി. ഒരുപാട് അധ്യാപകരിലൂടെയും തിയറ്റര്‍ സംഘങ്ങളിലൂടെയും നടന്മാരിലൂടെയും ഈ സങ്കേതത്തിന് ഒരുപാട് മാറ്റങ്ങളും വളര്‍ച്ചയും കൈവന്നിട്ടുണ്ട്.
മര്ലിന് ബ്രാണ്ടോ, ജാക്ക് നിക്കോള്‍സണ്‍,
റോബര്‍ട്ട് ഡി നിറോ, അല്‍ പചിനോ തുടങ്ങിയ പ്രമുഖരിലൂടെയാണ് സിനിമയിലെ മെത്തേഡ് ആക്റ്റിംഗിന് ഇന്നുള്ള പ്രാധാന്യവും പദവിയും ലഭിക്കുന്നത്.
റേജിംഗ് ബുള്‍ എന്ന ചിത്രത്തില്‍ ബോക്സിംഗ് ലോകചാമ്പ്യനായിരുന്ന 'ല മോട്ട'യെ അവതരിപ്പിക്കാന്‍ ബോക്സിംഗ് പരിശീലിക്കുകയും , ഷൂട്ടിംഗിനിടെ ചില ബോക്സിംഗ് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു ഡി നിറോ. ഇതേ ചിത്രത്തിലെ അവസാന രംഗങ്ങള്‍ക്കായി പിന്നീട് ശരീരഭാരം 60 പൗണ്ട് കൂട്ടുകയും ചെയ്തപ്പോള്‍ അതു മെതേഡ് അക്ടിംഗിന്റെ ചരിത്രത്തിലെ പുതിയ അദ്ധ്യായമായി. ഗാന്ധിയെ അവതരിപ്പിച്ച കിംഗ്സ്ലി വെജിറ്റേറിയനാകുകയും, ഗാന്ധിയെപ്പോലെ വസ്ത്രധാരണരീതികള്‍ ശീലിക്കുകയും, ചര്‍ക്ക ഉപയോഗിക്കാന്‍ പഠിക്കുകയും, നിലത്തു കിടന്നുറങ്ങാന്‍ ശീലിക്കുകയും ഗാന്ധിയുടെ മുഴുവന്‍ പുസ്തകങ്ങളും വായിക്കുകയും ചെയ്തു സിനിമയ്ക്കു വേണ്ടി.

എണ്‍പതുകളുടെ മധ്യത്തോടെയാണ് ഡാനിയേല്‍ ഡേ ലൂയിസ് സിനിമയില്‍ സജീവമാകുന്നത്. മിലന് കുന്ദേരയുടെ
Unbearable lightness of being ഫിലിപ്പ് കോഫ്മാന് ചലച്ചിത്രമാകിയപ്പോള്‍ സങ്കീര്‍ണ്ണമായ ലൈംഗികജീവിതത്തിനുടമയായ തോമാസിനെ അവതരിപ്പിച്ചത് ലൂയിസായിരുന്നു. ഈ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് കഥാപാത്രത്തെ 'ബ്രേക്ക്' ചെയ്യാതിരിക്കാന്‍ അദ്ദേഹം ശീലിക്കുന്നത്. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ക്കായി പ്രേഗില്‍ രണ്ടുമാസം വിന്‍ഡോ ക്ലീനറായി ജോലിചെയ്ത് പരിശീലിക്കുകയുമുണ്ടായി. അടുത്ത ചിത്രം ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത
My left foot ആയിരുന്നു. cerebral palsy എന്ന രോഗത്താല്‍ ഇടതുകാലൊഴികെ മറ്റൊരവയവവും നിയന്ത്രണവിധേയമല്ലാതിരുന്ന ക്രിസ്റ്റി ബ്രൗണ്‍ എന്ന എഴുത്തുകാരനെ-അദ്ദേഹം ചിത്രകാരനുമായിരുന്നു-അവതരിപ്പിക്കുമ്പോളാണ് ലൂയിസിന്റെ മെത്തേഡ് ആക്ടിംഗ് പരീക്ഷണങ്ങള്‍ അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത്. ഷൂട്ടിംഗ് കാലത്തുടനീളം വീല്‍ചെയറില്‍ നിന്നും സ്വമേധയ എഴുന്നേല്ക്കുകയോ നടക്കുകയോ ചെയ്തില്ല ലൂയിസ്. രണ്ടാംനിലയിലെ രംഗങ്ങള്‍ ചിത്രീകരിക്കാനയി അദ്ദേഹത്തെ വീല്‍ചെയറോടെ എടുത്തുകൊണ്ടു-പോകണമായിരുന്നത്രേ. ഏതായാലും ആഴ്ചകളോളം വീല്‍ചെയറില്‍ കുന്തിച്ചിരുന്നതു കാരണം രണ്ടു വാരിയെല്ലൊടിഞ്ഞതു മിച്ചം.
ലൂയിസിന്റെ അടുത്ത ചിത്രം ജെയിംസ് കൂപ്പറുടെ ക്ലാസിക് നോവലിന്റെ ചലചിത്രാവിഷ്കാരമായ
Last of the Mohicans ആയിരുന്നു. 'ഹോക് ഐ' എന്ന കാനനവാസിയെ അവതരിപ്പിക്കാന്‍ ഷൂട്ടിംഗിനു മുന്‍പ് മാസങ്ങളോളം വനത്തില്‍ താമസിക്കുകയുണ്ടായി അദ്ദേഹം. സ്വയം വേട്ടയാടിയ മൃഗങ്ങളും മീനും മാത്രമായിരുന്നത്രേ ഭക്ഷണം. ഓടുന്നതിനിടയില്‍ ഒരു കെന്റക്കി റൈഫിള്‍ തിര നിറക്കാനും നിറെയൊഴിക്കാനും ശീലിച്ചു അദ്ദേഹം. മാര്ട്ടിന് സ്കോര്‍സേസിയുടെ സംവിധാനത്തില്‍
age of innocence ആയിരുന്നു അടുത്ത ചിത്രം. വൈകാരികമായ വയലന്‍സ് നിറഞ്ഞ ഈ ചിത്രത്തിലെ സങ്കീര്‍ണ്ണമായ മുഖ്യകഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ചു ലൂയിസ്. പിന്നീടു വന്ന In the name of the father, Crucible എന്നീ സിനിമകളെക്കുറിച്ച് ഞാന്‍ മുന്‍പൊരു പോസ്റ്റിലെഴുതിയിരുന്നു.
In the name of the father എന്ന ചിത്രത്തില്‍ ജയിലിലടക്കപ്പെട്ട ജെറിയെ അവതരിപ്പിക്കാനായി നാലു മാസത്തോളം ജയിലില്‍ കഴിഞ്ഞു അദ്ദേഹം. ഈ കാലത്ത് പുറമെയുള്ളവരോട് തന്നെ തെറി പറയാനും ദേഹത്ത് തണുത്ത വെള്ളം ഒഴിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നുവത്രെ. ഐറിഷ് പൗരനായ ജെറി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഐറിഷ് പൗരത്വം സ്വീകരിക്കുകയുമുണ്ടായി. അടുത്ത ചിത്രമായ
ക്രൂസിബിളിനു വേണ്ടി മസാചുസെറ്റ്സിലെ ജനവാസമില്ലാത്ത ഒരു ദ്വീപില്‍ പതിനേഴാം നൂറ്റാണ്ടിലെ കൃഷിരീതികളുമായി അദ്ദേഹം കുറെക്കാലം ജീവിക്കുകയുണ്ടായി. ഈ ചിത്രത്തില്‍ ജോണ്‍ പ്രോക്ടര്‍ എന്ന ഡാനിയലിന്റെ കഥാപാത്രം ജീവിക്കുന്ന വീട് ഒരു ആശാരി കൂടിയായ ഡാനിയെല്‍ നിര്‍മ്മിച്ചതായിരുന്നു. ജിം ഷെരിഡാന്‍ സംവിധാനം ചെയ്ത
ബോക്സര്‍ ആയിരുന്നു അടുത്ത ചിത്രം. ഈ വേഷത്തിനായി രണ്ടുവര്‍ഷത്തിലധികം ബോക്സിംഗ് പരിശീലിച്ചു ലൂയിസ്.
സംവിധായകര്‍ പ്രഗത്ഭരാകുമ്പോള്‍ അഭിനേതാക്കള്‍ 'മാസ്ക്' ചെയ്യപ്പെടുക സ്വഭാവികം. കുറസോവ ചിത്രങ്ങളില്‍
Mifune-ഉം
തകാഷി ഷിമുറയും തിളങ്ങിയിരുന്നതായി കാണാം. എന്നാല്‍ ഇവര്‍ രണ്ടുപേരുടെയും മികച്ച കഥാപാത്രങ്ങളെല്ലാം കുറസോവ ചിത്രങ്ങളില്‍ തന്നെയായിരുന്നു. അന്റോണ്യോണിയുടെയും ഫെല്ലിനിയുടെയും ചില സിനിമകളില്‍ Marcello Mastroianniയും ചില ബെര്ഗ്മാന് സിനിമകളില്‍ Erland Josephson, Liv Ulman എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ അപവാദങ്ങള്‍ വിരളം. ഇവരിലാരും സംവിധായകനെ മാസ്കു ചെയ്യാനായിട്ടില്ല എന്നതും ശ്രദ്ധേയം.
സ്കോര്‍സെസി എന്ന സംവിധായകന്റെ മികച്ച സംവിധാനവും, ഡികാപ്രിയോ പോലെ വലിയൊരു താരവുമുണ്ടായിട്ടും
Gangs of NewYork എന്ന ബ്രഹ്മാണ്ഡചിത്രത്തെ

രക്ഷിക്കുന്നത് ഡാനിയലിന്റെ ബില്‍ എന്ന കശാപ്പുകാരന് തന്നെ. ഈ ചിത്രത്തോടെ ഡാനിയലിന്റെ മെത്തേഡ് ആക്ടിംഗ് പുതിയ തലങ്ങളിലെത്തി. ഇറ്റലിയിലെ കൊടും ശൈത്യത്തിലും ഷൂട്ടിംഗിനിടെ 'കോട്ട്' ധരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ന്യൂയോര്‍ക്കില്‍ കോട്ട് നിര്‍മ്മിച്ച വസ്തുക്കള്‍ ഇല്ലായിരുന്നു എന്നതു തന്നെ. ഒടുവില്‍ ന്യുമോണിയ വന്നപ്പോള്‍ ആന്റിബയോട്ടിക്കുകള്‍ കഴിക്കാനും തയ്യാറായില്ല. കാരണം മേല്പറഞ്ഞതു തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ആന്റിബയോട്ടിക്കുകള്‍ ഇല്ലായിരുന്നു...അക്ഷരാര്‍ഥത്തില്‍ കഥാപാത്രമായി ജിവിക്കുകയായിരുന്നു അദ്ദേഹം ഈ ചിത്രത്തിലും.

ഭാര്യ റെബേക്ക മില്ലറുടെ സംവിധാനത്തില്‍ വന്ന
Ballad of Jack and Rose ആയിരിക്കും ഡാനിയലിന്റെ ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രം. പ്രകൃതിയെക്കുറിച്ചും സാംസ്കാരിക-വ്യതിയാനങ്ങളെക്കുറിച്ചുമെല്ലാം ഒരുപാട് വാചാലമായ ഈ ചിത്രം ആശയപരമായും വൈകാരികമായും സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അകാദമി അവാര്‍ഡ് ഡാനിയലിനു നേടിക്കൊടുത്തത് P.T.Andersonന്റെ സംവിധാനത്തില്‍ എണ്ണവേട്ടയുടെയും വെറുപ്പിന്റെയും ദുരയുടെയും കഥ പറഞ്ഞ
There will be Blood എന്ന ചിത്രത്തിലെ മനുഷ്യവിരോധിയായ ഡാനിയല്‍ പ്ലെയിന്‍വ്യൂ എന്ന കഥാപാത്രമാണ്. ചിലയിനം നായ്ക്കളെ വളര്‍ത്തുമ്പോള്‍ ശൗര്യവും ആക്രമവീര്യവും വരാനായി ദീര്‍ഘകാലം അടച്ചിടുമെന്നു കേട്ടിട്ടുണ്ട്. ആരോടും സ്നേഹമില്ലാത്ത, ദുരയും വിദ്വേഷവും നിറഞ്ഞ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി ഏഴുമാസത്തോളം ഒരു മുറിയില്‍ തനിച്ചു താമസിക്കുകയുമുണ്ടായി ലൂയിസ്.
അഭിനയം വെറും അനുകരണമോ പ്രകടനമോ അല്ലെന്ന് തെളിയിക്കാന്‍, മെത്തേഡ് ആക്ടിംഗില് പുതിയ അധ്യായങ്ങള്‍ എഴുതാന്‍ ഇറ്റലിയിലെ ഒരു ചെറുപട്ടണത്തില്‍ ഒരു ചെരുപ്പുകുത്തിയായി ആരുമറിയാതെ ജീവിക്കുന്ന ഈ മനുഷ്യന് ഇനിയും വരുമെന്നു പ്രതീക്ഷിക്കാം.
എഡിറ്റ്: ഏപ്രിൽ 20, 2013
ലിങ്കൺ(2012) എന്ന ചിത്രത്തിലെ ഡേ ലൂയിസിന്റെ ചില ചിത്രങ്ങൾ കൂടി ചേർക്കുന്നു.
അടിമത്തം അവസാനിപ്പിക്കാനുള്ള ബിൽ കോൺഗ്രസിൽ പാസാക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ക്ഷീണിതനും stressed out-മായ ലിങ്കണെ ഡേ ലൂയിസ് അവതരിപ്പിക്കുന്ന രീതി കുടുതൽ subtle and feel oriented ആണെന്ന് പറയാം. (മേക്കപ്പിന്റെ സഹായം മാറ്റിനിർത്താവുന്നതല്ലെങ്കിലും മുഖത്തെ ചുളിവുകൾ എങ്ങനെ ലിങ്കന്റെ മാനസിക-ശാരീരികാവസ്ഥകളെ അവതരിപ്പിക്കുന്നു എന്നു ശ്രദ്ധിക്കുക.)