
പാരഡൈസ് നൗ (Paradise Now) എന്ന പേരിന് വാചികാര്‍ത്ഥത്തിലും പ്രയോഗാര്‍ത്ഥത്തിലും ഒന്നിലേറെ അര്‍ത്ഥസാധ്യതകള്‍ കണ്ടെത്താനാകും. പഴയനിയമത്തിലെ യഹൂദജനത്തിന് യാഹോവ നല്കിയ വാഗ്ദത്തഭൂമി-ഭൂമിയിലെ പറുദീസ-ആയ പാലസ്തീന എന്നദേശത്തിന്റെ ഇന്നത്തെ അവസ്ഥ, ചാവേറാക്രമണത്തിനൊരുങ്ങുന്ന ഒരു ജിഹാദിയുടെ ഇപ്പോള്‍ത്തന്നെ പറുദീസ പ്രാപിക്കാം എന്ന വിശ്വാസം എന്നൊക്കെ വായിക്കാമെന്നതുപോലെ സിനിമയുടെ ശരീരവും ഈ അര്‍ത്ഥങ്ങളെല്ലാം പ്രക്ഷേപിക്കുന്നുണ്ട്. വെസ്റ്റ് ബാങ്കിലെ നാബ്ലൂസ് എന്ന സ്ഥലത്തെ ഒരു ഓട്ടൊമൊബെയില്‍ വര്‍ക്ഷോപ്പില്‍ അര്‍ധമനസ്സോടെ ജോലി ചെയ്യുകയും, സായാഹ്നങ്ങളില്‍ ഹൂക്ക വലിക്കുകയും, കസ്റ്റമേഴ്സിന്റെ കാറുകളില്‍ നിന്ന് മോഷ്ടിച്ച സ്റ്റീരിയൊ ഉപയോഗിച്ച് സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന ചിരകാല സുഹൃത്തുക്കളായ സയിദ്(Kais Nashef), ഖാലെദ് (Ali Suliman) എന്നിവരുടെ നിരാശാഭരിതവും വിരസവുമായ ജീവിതത്തിന്റെ വിവരണത്തോടെ-യാണ് ചിത്രം തുടങ്ങുന്നത്. തങ്ങള്‍ വളണ്ടിയര്‍മാരായിരുന്ന ഒരു ജിഹാദി-സംഘടന ഇരുവരെയും, പിറ്റേദിവസം ടെല്‍-അവീവില്‍ വെച്ച് നടത്തേണ്ട ഒരു ആത്മഹത്യ ആക്രമണത്തിന് തെരഞ്ഞെടുത്തതായി അറിയിക്കുമ്പോള്‍ അവരുടെ വിരസമായ ജീവിതം മറ്റൊരു ഗതി തേടുന്നു. ജീവിതത്തോട് തികഞ്ഞ നിസംഗതയോടെ അവര്‍ പെരുമാറുന്നതിന് കാരണം ചിന്തയിലെ അരാജകത്വമല്ല മറിച്ച് തങ്ങളുടെ സമയമായി എന്ന തിരിച്ചറിവാണ്. തങ്ങളുടെ മരണസന്ദേശത്തോട് 'ഞാനിപ്പോള്‍ തന്നെ മരിച്ച അവസ്ഥയിലാണ്' എന്നു ഖാലെദ്

പ്രതികരിക്കുമ്പോള്‍ അയാളുടെ നോട്ടത്തിലെ ശൂന്യത അതു വിശ്വസിക്കാനല്ലാതെ മറ്റൊന്നിനും നമ്മെ അനുവദിക്കുന്നില്ല. സ്വന്തം മണ്ണില്‍ അഭയാര്‍ഥികളെപ്പോലെ ജീവിക്കേണ്ടിവരുന്ന തങ്ങളുടെ അവസ്ഥയില്‍ ജീവിതം ജീവിക്കാവുന്ന ഒന്നല്ല അവര്‍ക്ക്. നാബ്ലൂസിനെ നരകം എന്നും ജയില്‍ എന്നും ഒന്നിലേറെ തവണ അവര്‍ വിശേഷിപ്പിക്കുന്നുണ്ട്.
കൃത്യം ചെയ്യാനൊരുങ്ങുന്ന വ്യക്തികളിലേക്കാണ് ആഖ്യാനത്തിന്റെ ശ്രദ്ധ ഒതുങ്ങുന്നത്. ഇത് അവരെ വ്യക്തികളെന്ന നിലയില്‍ അടുത്തറിയാന്‍ സഹായിക്കുമെങ്കിലും പ്രയോഗത്തിലിരിക്കുന്ന രാഷ്ട്രീയചിന്തയുടെ വിശാല-സാമൂഹിക വീക്ഷണം നമുക്ക് നഷ്ടപ്പെടുത്തുന്നു. ഇരുവരും അവരുടെ പിതാമഹന്മാരുടെ പ്രവൃത്തികളിലൂടെ കുടുംബത്തിന് വന്നു ചേര്‍ന്ന ലജ്ജാകരമായ ഓര്‍മ്മകളിലേക്ക് അവ്യക്തമായ ചില സൂചനകള്‍ നല്‍കുന്നുണ്ട്. തന്റെ പിതാവ് ഒരു collaborator (ഇസ്രായേലികള്‍ക്കുവേണ്ടി രഹസ്യമായി പ്രവൃത്തിച്ചിരുന്ന പാലസ്തീന്‍കാര്‍) ആയിരുന്നെന്ന് പിന്നീട് സയീദ് തുറന്ന് പറയുന്നുണ്ട്. നാണക്കേട് തന്നെയാണ് ഇവിടെ വിഷയം. ശക്തനായവന് എക്കാലവും ദുര്‍ബലനെ കീഴ്പ്പെടുത്താനാകില്ല എന്ന രാഷ്ട്രീയ സന്ദേശം നല്‍കുക എന്നതിലുപരി, തനിക്കും തന്റെ കുടുംബത്തിനും തന്റെ വര്‍ഗത്തോടുള്ള കൂറും ആത്മാര്‍ഥതയും പ്രകടിപ്പിക്കുക, തന്റെ സമൂഹത്തിന്റെ ബഹുമാനവും അംഗീകാരവും നേടുക എന്നതൊക്കെയാണ് ഒരു Suicide attack വഴി അതു നടത്തുന്ന പോരാളി പോലും ആഗ്രഹിക്കുന്നത്.

മതപരമായ ചില ചിഹ്നങ്ങളും സംവിധായകന് ഉപയോഗിക്കുന്നുണ്ട്. തന്റെ മരണശേഷം എന്തു സംഭവിക്കും എന്നു ഖാലെദ് ജമാലിനോട് (ആക്രമണ പദ്ധതി തയ്യാറാക്കിയ നേതാക്കളിലൊരാള്‍) ചോദിക്കുമ്പോള്‍ പറുദീസയില്‍ നിന്നും വരുന്ന മാലാഖമാരെപ്പറ്റി അവ്യക്തമായി ചിലത് ജമാല്‍ പറയുന്നുണ്ട്. ഖാലെദും സയീദും കൂടെയുള്ള 11 പേരോടു കൂടി അത്താഴത്തിനിരിക്കുന്ന രംഗം തീര്‍ച്ചയായും ഡാവിഞ്ചിയുടെ The Last supper ഓര്‍മ്മിപ്പിക്കുന്നു. പാലസ്തീനിയന്‍ ജനസംഖ്യയിലെ നല്ലൊരു ശതമാനം, യാസര്‍ അറാഫത്തിന്റെ വിധവയടക്കം ക്രിസ്ത്യന്‍ പാരമ്പര്യമുള്ളവരാണെന്ന വസ്തുത ഓര്‍ക്കുമ്പോള്‍ ഇത് തികച്ചും ശ്രദ്ധേയമാണ്. ഇത് എന്താണര്‍ഥമാക്കുന്നത്...? അവര്‍ തങ്ങളെതന്നെ എങ്ങനെ കാണുന്നു എന്നതാണോ...? അതോ ചലചിത്രകാരന് അവരെ എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനമാണോ അത്...ചാവേറുകളുടെ രക്തസാക്ഷിത്വത്തോട് സംവിധായകന്റെ മനോഭാവം ഇവിടെ ദര്‍ശിക്കാമോ..? അതോ ഇത് വെറുമൊരു irony യാണോ..? പക്ഷെ, ക്രിസ്തു ക്രൈസ്തവ വിശ്വാസത്തിലെ രക്ഷ സാധിച്ചത് കുരിശിലെ നാണക്കേട് ആശ്ലേഷിച്ചത് വഴിയായിരുന്നു...
കഥാനായകരോട് ആക്രമത്തില്‍ നിന്നും പിന്തിരിയാന് പ്രേരിപ്പിക്കുന്നത് ഇവിടെയും സ്ത്രീ തന്നെയാണ്. പാലസ്തീനിലെ സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു രക്തസാക്ഷിയുടെ മകളായ സുഹ, തന്റെ അഛന്റെ മരണം നല്കുന്ന മഹത്വത്തേക്കാളും അഛന്റെ ജീവിതമായിരുന്നു വിലപ്പെട്ടത് എന്നു തുറന്നു പറയുന്നുണ്ട്. സയീദിനു സുഹയോട് പ്രണയപരമായ ഒരു ആകര്‍ഷണമുണ്ടാ-യിരുന്നെന്ന് നാം മനസ്സിലാക്കുന്നുണ്ട്. പക്ഷെ, സുഹ തന്നെക്കാളും സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന കുടുംബത്തില്‍ നിന്നും ഉള്ളവളാണെന്ന ബോധം അവനെ പിന്തിരിപ്പിക്കുന്നു. ഈ ചിത്രത്തില്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ ഒരേ ഒരു ശബ്ദം സുഹയുടെതു മാത്രമാണ്. പക്ഷേ അവള് സംസാരിക്കുന്നത് അവിശ്വാസിയായ ഒരു മതനിരപേക്ഷവാദിയുടെ ശബ്ദത്തിലാണ്. ചില മുസ്ലീമുകള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ഖുര്‍ ആന്‍ ആത്മഹത്യയെ അപലപിക്കുന്നു എന്നതിനാല്‍ തന്നെ ആത്മഹത്യാ-തീവ്രവാദത്തിനു ഇസ്ലാമില്‍ നീതീകരണമില്ല എന്നു വാദിക്കുന്നതിന് പകരം ഖാലെദ് പ്രതീക്ഷിക്കുന്ന പറുദീസ അവന്റെ ഭാവനയില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് സുഹ പറയുന്നത്. ഖാലെദാകട്ടെ, ഈ നരകത്തില്‍ ജീവിക്കുന്നതിനേക്കാളും തനിക്ക് താത്പര്യം തന്റെ ഭാവനയിലെ പറുദീസയില്‍ ജീവിക്കുന്നതാണെന്ന് തിരിച്ചടിക്കുന്നു.
ഇസ്രായേലിന്റെ അധിനിവേശ പ്രവണതയോട് എല്ലാ കഥാപാത്രങ്ങളും

കൃത്യനിര്‍വഹണത്തിനൊരുങ്ങുന്ന സയീദും ഖാലെദും അതിര്‍ത്തിയില്‍ വെച്ചുണ്ടാകുന്ന അപ്രതീക്ഷിത സംഭവത്തില്‍ വേര്‍പിരിയുകയാണ്. സയീദിന് തന്നെ പറഞ്ഞയച്ചവരുടെ അടുത്തെത്താനാവുന്നില്ല എന്നതിനാല്‍ അവന്റെ കുടുംബചരിത്രമറിയാവുന്ന തീവ്രവാദികള്‍ അവന് തങ്ങളെ ഒറ്റിക്കൊടുക്കുമെന്ന് സംശയിക്കുന്നു. സയീദിനെ കണ്ടെത്തിയാല്‍ മാത്രമേ തങ്ങളുടെ ദൗത്യം തുടര്‍ന്നു കൊണ്ടുപോകാന്‍ സാധിക്കൂ എന്നറിയാവുന്ന ഖാലെദ് സയീദിനു വേണ്ടി തെരച്ചില്‍ ആരംഭിക്കുകയാണ്. പിന്നീട് ചിത്രം മുന്നേറുന്നത് ഖാലെദിന്റെ അന്വേഷണങ്ങളില്‍ കൂടിയാണ്. അവര്‍ കണ്ടുമുട്ടിയാല്‍ ഉണ്ടാകാവുന്ന ദുരന്തം മറന്ന് ഒരു വേള നാമും ആഗ്രഹിച്ചുപോകുന്നു, അവര്‍ കണ്ടുമുട്ടിയിരുന്നെങ്കിലെന്ന്. സിനിമയുടെ ഭാഷയെ അത്രമേല്‍ തന്മയത്വത്തോടെ സംവിധായകന് ഉപയോഗിച്ചിരിക്കുന്നു.
1999-ല്‍ സന്തോഷ് ശിവന് സംവിധാനം ചെയ്ത തമിഴ് ചലചിത്രം The Terrorist ഒരു തീവ്രവാദിയുടെ യാത്രകളെ അനുധാവനം ചെയ്ത ചിത്രം എന്ന നിലയില്‍ ഇവിടെ ഓര്‍മ്മിക്കപ്പെടേണ്ടതാണ്. പക്ഷേ സന്തോഷ് ശിവന്റെ ചിത്രം രാഷ്ട്രീയമായ വാദങ്ങളോ പ്രതിവാദങ്ങളോ ഇല്ലാത്ത ഒരു വൈകാരിക യാത്രയായിരുന്നു. അപകടകരമായ
