Sunday, December 01, 2013

The Hunt (2012)

തോമസ് വിന്റർബെർഗിന്റെ ‘ദി ഹണ്ട്’ താരതമ്യേന ലളിതമായൊരു സിനിമയാണ്. എന്നുവെച്ചാൽ, ആർട്ട് സിനിമയിൽ സാധാരണയായി ഉപയോഗിക്കാറുള്ള, ഇൻഫർമേഷനെ ലിമിറ്റ് ചെയ്യുന്ന സങ്കേതങ്ങളൊന്നും ഉപയോഗിക്കാതെ straight forward ആയി കഥ പറയുകയാണ് വിന്റർബെർഗ് ഈ സിനിമയിൽ.നറേഷന്റെ ഓരോ ഘട്ടത്തിലും സംവിധായകനും ഛായാഗ്രാഹകയും ചേർന്നെടുക്കുന്ന ചെറിയ ചെറിയ ക്രിയേറ്റീവ് ഡിസിഷനുകളാണ് ഈ സിനിമ കണ്ടപ്പോൾ ഞാനാദ്യം ശ്രദ്ധിച്ചത്. ഈ ക്രിയേറ്റീവ് ഡിസിഷനുകളാണ് ഈ സിനിമയെ ഇത്ര ലളിതവും emotionally touching-ഉം ആക്കി മാറ്റുന്നത്. ഈ സിനിമയുടെ ഛായാഗ്രാഹകയായ Charlotte Bruus Christensen-ന് 2012 കാൻ ഫെസ്റ്റിവലിലെ ടെക്നിക്കൽ ആർട്ടിസ്റ്റിനുള്ള അവാർഡ് നൽകുമ്പോൾ എടുത്ത് പറഞ്ഞതും ഇതേ കാരണം തന്നെയായിരുന്നു.

ഏതാണ്ട് 40 വയസ്സുള്ള, ജോലി നഷ്ടപ്പെട്ട് ഒരു ഡേകെയറിൽ വർക്ക് ചെയ്യേണ്ടിവരുന്ന, വിവാഹമോചനം നേടിയ, സ്വന്തം മകന്റെ വളർത്തവകാശം പോലും നഷ്ടപ്പെട്ട ലൂക്കാസ് എന്ന കഥാപാത്രത്തെ (മാഡ്സ് മൈക്കൽ‌സൺ) കേന്ദ്രീകരിച്ചാണു സിനിമയുടെ ആഖ്യാനം രൂപപ്പെടുന്നത്. സിനിമയുടെ തുടക്കത്തിൽ, ജീവിതത്തിൽ നേരിട്ട പരാജയങ്ങളിൽ സുഹൃത്തുക്കളുടെയൊക്കെ സഹായത്തോടെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന ലൂക്കാസിനെയാണു നമ്മൾ കാണുന്നത്. സുഹൃത്തിന്റെ അഞ്ചുവയസ്സുകാരിയായ മകൾ, നിസ്സാരമായൊരു കുറുമ്പിന്റെ പേരിൽ, ലൂക്കാസിനെക്കുറിച്ച് child molestation സംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുന്നതാണു ആഖ്യാനത്തിലെ വഴിത്തിരിവ്. നിരപരാധിയെങ്കിലും ലൂക്കാസ് അവിശ്വസിക്കപ്പെടുന്നു, സുഹൃത്തുക്കൾ അയാളെ വെറുക്കുന്നു. ഗ്രോസറി സ്റ്റോറിൽ നിന്നും ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലുമാകാതെ ആ നാട്ടിലയാൾ ഒറ്റപ്പെടുന്നു, തുടർന്ന് പോലീസ് അറസ്റ്റിലാകുന്നു. നിരപരാധിയായ ഒരു മനുഷ്യൻ അകാരണമായി തെറ്റിദ്ധരിപ്പിക്കപ്പെടുന്നതും, ഒറ്റപ്പെടുന്നതും അവതരിപ്പിക്കാൻ സംവിധായകനും ഛായാഗ്രാഹകയും സ്വീകരിച്ച, ദൃശ്യശൈലീപരമായി ഏറ്റവും സ്വാഭാവികമെന്നു പറയാവുന്ന ക്രിയേറ്റീവ് ഡിസിഷനുകളാണ് ഈ സിനിമയുടെ ശക്തി.

ഏതാണ്ട് രണ്ടുമാസത്തെ സംഭവങ്ങളാണു സിനിമയുടെ ആഖ്യാനത്തിൽ ഭൂരിഭാഗവും. ഏതാണ്ട് ഒരു വർഷം കഴിഞ്ഞുവരുന്ന ചില സംഭവങ്ങൾ ഒരു epilogue പോലെ സിനിമയുടെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. സാധാരണ ഹോളിവുഡ് സിനിമകളിൽ, ആഖ്യാനത്തിന്റെ closure-ഉം, വൈകാരികമായ പൂർത്തീകരണവുമാണു epilogue നിർവഹിക്കുന്നതെങ്കിൽ ഇവിടെ, അടഞ്ഞ ഒരു ആഖ്യാനത്തെ വീണ്ടും തുറക്കുകയും അവ്യക്തതയിൽ അവസാനിപ്പിക്കുകയുമാണു epilogue ചെയ്യുന്നത്. ഇതാകട്ടെ, സിനിമയുടെ ‘Hunt’ എന്ന പേരിനെ കൂടുതൽ അർത്ഥപൂർണമാക്കുകയും, നിഷ്കളങ്കതയുടെ നഷ്ടം എന്ന കേന്ദ്രപ്രമേയത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്നു. We learn, things will never be the same again.

ലൂക്കാസും സുഹൃത്തുക്കളും കൂടി ഒരു തടാകത്തിൽ നീന്താനെത്തുന്ന രംഗത്തോടെയാണു സിനിമ തുടങ്ങുന്നത്. തമാശ പറഞ്ഞും പന്തയം വെച്ചും സൗഹൃദം ആഘോഷിക്കുന്ന ഒരു സംഘം. ആഖ്യാനം പുരോഗമിക്കുമ്പോൾ പ്രധാനമായും മൂന്നു കാര്യങ്ങളിലാണു മാറ്റമുണ്ടാകുന്നത്. 1. കാലാവസ്ഥ ശിശിരത്തിൽ നിന്നും ശൈത്യത്തിലേക്ക് മാറുന്നു, 2. ലൂക്കാസും സുഹൃത്തുക്കളും തമ്മിലുള്ള വ്യക്തിസൗഹൃദമാകെ തകരുന്നു, 3. ആ സമൂഹത്തിൽ‌ത്തന്നെ ലൂക്കാസ് ഒറ്റപ്പെടുന്നു. ഈ മൂന്നു മാറ്റങ്ങളെയും സിനിമ അതിന്റെ സവിശേഷമായ ദൃശ്യപദ്ധതി ഉപയോഗിച്ച് എങ്ങനെ ആവിഷ്കരിക്കുന്നു എന്നതാണ് ഈ കുറിപ്പിലൂടെ പ്രധാനമായും പറയാനുദ്ദേശിക്കുന്നത്.

            സിനിമയുടെ തുടക്കത്തിൽ ദൃശ്യങ്ങൾ തുടങ്ങുന്നതിനു മുൻപു തന്നെ ആളുകളുടെ ഉച്ചത്തിലുള്ള സംസാരവും ചിരിയുമൊക്കെ നാം കേൾക്കുന്നുണ്ട്.  അതിനുശേഷമാണു തടാ‍കക്കരയിലേക്ക് പോകുന്ന സുഹൃത്തുക്കളെ നാം കാണുന്നത്. അവരിൽ ചിലർ നഗ്നരാകുന്നുണ്ട്. അത്രമേൽ അടുപ്പവും പരിചയവും സൗഹൃദവും ഉള്ള കൂട്ടത്തിലാണല്ലോ ആളുകൾ നഗ്നരാവുക. അവരുടെ ബന്ധങ്ങളിലുള്ള സ്വാതന്ത്ര്യവും നിഷ്കളങ്കതയും ഇത് സൂചിപ്പിക്കുന്നുണ്ട്. ശിശിരകാലത്തെ കാലാവസ്ഥയെ ദ്യോതിപ്പിക്കാനായി അല്പമൊന്ന് മ്യൂട്ട് ചെയ്ത ലൈറ്റിംഗ് ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഫ്രെയിമുകളിൽ നേരിയൊരു yellowish hue കാണാനുണ്ട്.

 ഈ yellowish hue ഈ രംഗങ്ങൾക്കൊരു warm feeling നൽകുന്നു. അവരുടെ സൗഹൃദവും ആഘോഷവും പ്രേക്ഷകർക്ക് കൂടുതൽ വിശ്വസനീയവും ആസ്വാദ്യവുമാകുന്നു. കളർ ടെമ്പറേച്ചറിന്റെ വിശദാംശങ്ങളെക്കുറിച്ചറിയാൻ ഈ വിക്കിപീഡിയ പേജ് [Color Psychology] നോക്കാം.
                നിസാരമെന്ന് പറയാവുന്ന ഒരു കുറുമ്പിന്റെ പേരിലാണ് ലൂക്കാസിനെക്കുറിച്ച്, തിയോയുടെ മകൾ ക്ലാര ഗുരുതരമായൊരു നുണ പറയുന്നത്. ക്ലാരയുടെ കൗമാരപ്രായക്കാരനായ സഹോദരനും കൂട്ടുകാരും ഒരു ഐപാഡിലെ നഗ്നചിത്രങ്ങൾ നോക്കി പറയുന്ന അതേ വാക്കുകൾ ഓർമ്മയിൽ നിന്നുപയോഗിക്കുകയാണ് അവൾ ചെയ്യുന്നത്. ക്ലാരയുടെ ആരോപണത്തിന്റെ പേരിൽ ലൂക്കാസ് ജോലിയിൽ നിന്നും പുറത്താക്കപ്പെടുന്നു. തന്റെ സൗഹൃദങ്ങളും സാമൂഹ്യജീവിതവുമെല്ലാം അവസാനിക്കുകയാണെന്ന് ലൂക്കാസ് തിരിച്ചറിയുന്നു. ഡേകെയറിൽ നിന്നും പുറത്താക്കപ്പെട്ട് തനിയെ തിരിച്ചു നടക്കുന്ന ലൂക്കാസ് പെട്ടെന്ന് സ്വയം വൈകാരികമായി ഒറ്റപ്പെട്ടവനാകുന്നു.

ഈ രംഗം ചിത്രീകരിച്ചിരിക്കുന്ന രീതി പ്രത്യേകശ്രദ്ധയർഹിക്കുന്നതാണ്. ലോംഗ് ലെൻസ് ഉപയോഗിച്ച്, shallow focus-ലാണിത് ചിത്രീകരിച്ചിരിക്കുന്നത്. ഇങ്ങനെ ചിത്രീകരിക്കുമ്പോൾ കഥാപാത്രം ഫോക്കസിലും അയാളുടെ പശ്ചാത്തലം blurred-മായി നിൽക്കുന്നു. ഇത് കഥാപാത്രത്തിന്റെ വൈകാരികയിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധയെ ആകർഷിക്കുന്നു. അയാൾ ചുറ്റുപാടുകളിൽ നിന്നും ഒറ്റപ്പെട്ടവനാകുന്നു. ഈ ഫ്രെയിമിൽ ഉപയോഗിച്ചിരിക്കുന്ന bluish tint വൈകാരികമായി ഒറ്റപ്പെടുന്നതിന്റെ ‘തണുപ്പ്’ പ്രേക്ഷകരിലെത്തിക്കുന്നു.

ക്ലാര ലൂക്കാസിനെക്കുറിച്ച് നുണപറയുന്നതാണ് ഈ സിനിമയുടെ inciting event എന്നു പറയാം. അതിനുമുൻപുള്ള ദൃശ്യങ്ങളിൽ ലൂക്കാസിനെ ചിത്രീകരിച്ചിരിക്കുന്നതെങ്ങനെ എന്നു കൂടി നോക്കിയാൽ ഈ ചിത്രത്തിന്റെ വിഷ്വൽ ലോജിക് ഒന്നുകൂടി വ്യക്തമായി മനസ്സിലാക്കാം.

ഈ ദൃശ്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കളർ സ്കീമും ലെൻസും ശ്രദ്ധിക്കുക. ആദ്യരംഗങ്ങളെക്കുറിച്ച് മുൻപ് സൂചിപ്പിച്ചതു പോലെ, yellowish hue ഈ ദൃശ്യങ്ങളിലും കാണാം. ഇത് അവരുടെ സന്തോഷമുള്ള വൈകാരികാവസ്ഥയെ സൂചിപ്പിക്കുന്നു. shorter focal length ഉള്ള ലെൻസ് ഉപയോഗിക്കുന്നതുകൊണ്ട് ഇവിടെ പശ്ചാത്തലം മിഴിവോടെ തന്നെ കാണാം. അഥവാ ആ പശ്ചാത്തലത്തിന്റെ/സമൂഹത്തിന്റെ ഭാഗമാണ് ലൂ‍ക്കാസും.
ആഖ്യാനം പുരോഗമിക്കുമ്പോൾ ഈ സിനിമയുടെ ദൃശ്യപദ്ധതി എങ്ങനെ മാറുന്നു എന്നറിയാൻ, ചിത്രത്തിന്റെ ആദ്യഭാഗത്തുനിന്നും, മധ്യഭാഗത്തുനിന്നുമുള്ള ചില രംഗങ്ങൾ താരതമ്യപ്പെടുത്തുന്ന വീഡിയോക്ലിപ്പ് ശ്രദ്ധിക്കുക.
     
                 ഇവിടെ, ആദ്യഭാഗത്തെ രംഗങ്ങളിൽ മുൻപ് സൂചിപ്പിച്ചതുപോലെ warmer color palette ഉപയോഗിച്ചതിനു പുറമെ ഈ രംഗങ്ങൾ ഹാൻ‌ഡ്-ഹെൽഡ് ക്യാമറയിലാണു ചിത്രീകരിച്ചിരിക്കുന്നത്. Warmer palette സൂചിപ്പിക്കുന്ന warmth, happiness എന്നീ വൈകാരികാവസ്ഥകളോട് ചേർന്ന് നിൽക്കുന്നതാണ് hand-held ക്യാമറ ദൃശ്യങ്ങളുടെ lightness and freedom. എന്നാൽ അവസാനഭാഗത്തെ ദൃശ്യങ്ങളാകട്ടെ അധികവും static/stable ഷോട്ടുകളാണുപയോഗിച്ചിരിക്കുന്നത്. റീഫ്രെയിമിംഗ് ആവശ്യമായി വരുന്ന ഷോട്ടുകളിൽ മാത്രമേ ഇവിടെ hand-held ക്യാമറ ഉപയോഗിക്കുന്നുള്ളൂ. ഈ രംഗങ്ങളിൽ colder palette സൂചിപ്പിക്കുന്ന ദുഖം, ഏകാന്തത, നിരാശ, ഭയം എന്നീ‍ വൈകാരികാവസ്ഥകളോട് ചേർന്ന് നിൽക്കുന്നതാണ് static/stable ഷോട്ടുകൾ ദ്യോതിപ്പിക്കുന്ന heaviness and lack of mobility.

‘ദി ഹണ്ട്’ ഏറെക്കുറെ straight forward ആഖ്യാനമാണു പിന്തുടരുന്നത്. ഒരിക്കൽ പോലും ഫ്ലാഷ്ബാക്ക്, വോയ്സ് ഓവർ, ക്രോസ് കട്ടിംഗ് തുടങ്ങിയ സങ്കേതങ്ങളൊന്നും വിന്റർബെർഗ് ഉപയോഗിക്കുന്നില്ല. കാരക്ടർ സബ്ജക്ടിവിറ്റി ഉപയോഗിക്കുന്ന സന്ദർഭങ്ങളും അപൂർവം. അകാരണമായി സമൂഹത്താൽ വേട്ടയാടപ്പെടുന്നൊരു വ്യക്തിയുടെ വൈകാരികാവസ്ഥകളെ, സമൂഹത്തിൽ നിന്നും പുറത്താക്കപ്പെടുന്ന വ്യക്തിയുടെ മാനസികാവസ്ഥകളെ ആവിഷ്കരിക്കാനുള്ള ശ്രമമാണു ഹണ്ട്. വൈകാരികപ്രാധാന്യമുള്ള ഒരു വിഷയം അതിന്റെ വൈകാരികത പ്രേക്ഷകർക്ക് അനുഭവിക്കാനാകുന്നവിധം ആവിഷ്കരിക്കാൻ സാങ്കേതികതയെ കൃത്യതയോടെ ഉപയോഗിച്ചിരിക്കുന്നു എന്നതാണു ഈ സിനിമയുടെ മികവ്.