Friday, March 19, 2010

ബാ‍റിയ (2009)

ഇറ്റലിയിലെ സിസിലിയെന്ന പ്രവിശ്യയോളം വിശദമായി സിനിമയിൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ അധികമില്ല ലോകത്ത്. വിഖ്യാതസംവിധായകരായ ലൂച്ചിനോ വിസ്കോന്തി, ഫ്രാൻസെസ്കോ റോസി, മാർകോ റിസി, അന്റോണിയോണി, ബെർട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെ സിസിലിയെ ലോകസിനിമയുടെ പ്രേക്ഷകർക്കറിയാം. പുതിയകാലത്തെ സിനിമയിൽ സിസിലിയുടെ കൊടിപിടിക്കുന്നത് സിസിലിയിലെ ബഗറിയ എന്ന കൊച്ചുപട്ടണത്തിൽ ജനിച്ച ജുസെപ്പെ തൊർണാത്തോറെ എന്ന ഇറ്റാലിയൻ സംവിധായകനാണ്. സിനിമാ പാരഡീസോ, സ്റ്റാർ മേക്കർ, മലേന എന്നീ ചിത്രങ്ങളിലൂടെയെല്ലാം സിസിലിയുടെ വിവിധഭാവങ്ങൾ അദ്ദേഹം ഹൃദയഹാരിയായി അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ ജന്മദേശമായ ബഗറിയയുടെ വിളിപ്പേരായ ബാറിയ തന്നെയാണ് തൊർണാത്തോറെയുടെ പുതിയ ചലച്ചിത്രത്തിന്റെ പേരും.

ബാറിയ ആത്മകഥാപരമായ സിനിമയാണെന്നാണ് സംവിധായകൻ പറയുന്നത്. സ്വന്തം പിതാവിന്റെ പേരാണ് (പെപ്പിനോ) സിനിമയിലെ നായകന് അദ്ദേഹം നൽകിയിരിക്കുന്നതും. പെപ്പിനോയുടെ കഥ തുടങ്ങുന്നത് 1920-കളിലാണ്. ഇറ്റലിയുടെ ചരിത്രത്തിനു സമാന്തരമായി പെപ്പിനോയുടെ ജീവിതം പറയുകയാണ് ആത്യന്തികമായി സിനിമ ചെയ്യുന്നത്. ദാരിദ്ര്യം ആദ്യഓർമ്മയാകുന്ന കുട്ടിക്കാലത്തെ ചില സംഭവങ്ങൾ, യൌവനത്തിലെ പ്രണയവും കോലാഹലമുണ്ടാക്കിയ വിവാഹവും, പെപ്പിനോയുടെ ക‌മ്യൂണിസ്റ്റ് ആഭിമുഖ്യം, പാർട്ടിയ്ക്കുവേണ്ടി ജീവിക്കുമ്പോഴും ദരിദ്രമായി തുടരുന്ന പെപ്പിനോയുടെ കുടുംബജീവിതം, വാർധക്യം എന്നിങ്ങനെ ഏതാണ്ട് അറുപതോളം വർഷങ്ങളുടെ കഥയാണ് സിനിമയുടെ ഉള്ളടക്കം.

ചില പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി അവരുടെ ജീവിതത്തിനു സമാന്തരമായി രാജ്യത്തിലെ രാഷ്ട്രീയചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മുൻപും ഇറ്റലിയിൽ നിന്നുണ്ടായിട്ടുണ്ട്. ബെർട്ടൊലൂച്ചിയുടെ നോവചെന്റോ അഥവാ 1900(1976) ആണ് ആദ്യം ഓർമ്മയിൽ വരുന്നത്. റോബർട്ട് ഡി നിറോ, ജെരാർദ് ദെപാദ്യൂ തുടങ്ങിയ പ്രമുഖ താരങ്ങൾ മുഖ്യവേഷമിട്ട ഈ ചിത്രം അതിന്റെ ദൈർഘ്യം(അഞ്ച് മണിക്കൂർ, 15മിനിറ്റ്) കൊണ്ടും മുടക്കിയ ബഡ്ജറ്റുകൊണ്ടുമൊക്കെ ശ്രദ്ധയാകർഷിച്ചിരുന്നെങ്കിലും പ്രതീക്ഷയ്ക്കൊത്ത വിജയമാകുന്നതിൽ പരാജയപ്പെട്ടു. പ്രശസ്തനും പ്രഗത്ഭനുമായ സംവിധായകൻ, മികച്ച നടന്മാരുടെയും ടെക്നീഷ്യന്മാരുടെയും സാനിധ്യമുണ്ടായിട്ടും, ഡ്രീം മൂവി നിർമ്മിക്കാനുള്ള ബഡ്ജറ്റ് ഉണ്ടായിട്ടും ലക്ഷ്യം കിട്ടാതെ പതറുന്ന ദയനീയമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചയായിരുന്നു 1900. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജനിച്ച രണ്ടു സുഹൃഹ്ത്തുക്കളുടെ കഥയായിരുന്നു 1900. ഒരുവൻ ജന്മിയുടെ മകനും അപരൻ ആ ജന്മിയുടെ ജോലിക്കാരന്റെ മകനും. ഇറ്റലിയിലെ ഫാസിസത്തിന്റെ വളർച്ചയും ക‌മ്യൂണിസത്തിന്റെ തുടക്കവും യുദ്ധവും ജനകീയ വിപ്ലവവും ഒക്കെ 1900-ൽ കാഴ്ചകളായെങ്കിലും, മികച്ച ആഖ്യാനമാകുന്നതിൽ 1900 പരാജയപ്പെടുന്നു. എങ്കിലും, ചലചിത്രത്തെ ഗൌരവമായി സമീപിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ടതു തന്നെ 1900. പരാജയപ്പെട്ട ക്ലാസിക് എന്താണെന്നതിന് ഒന്നാന്തരം ഉദാഹരണമായിരിക്കും 1900.

2003-ലാണ് മാർകോ തൂലിയോ ജിയോർദാനൊയുടെ ബെസ്റ്റ് ഓഫ് യൂത്ത് പ്രദർശനത്തിനെത്തിയത്. രണ്ട് സഹോദരന്മാരും അവരുടെ ചുറ്റുമുള്ള കുടുംബാംഗങ്ങളുമാണ് ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾ. 1966-മുതൽ 2000 വരെയുള്ള ഇവരുടെ ജീവിതവും പശ്ചാത്തലത്തിൽ ഇറ്റലിയുടെ ഇക്കാല ചരിത്രവുമാണ് ബെസ്റ്റ് ഓഫ് യൂത്ത്. ഈ സിനിമയെക്കുറിച്ച് പറഞ്ഞുതുടങ്ങിയവരാരും ഇതിന്റെ ദൈർഘ്യത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കില്ല. ആറു മണിക്കൂറിലധികമാണ് ബെസ്റ്റ് ഓഫ് യൂത്തിന്റെ ദൈർഘ്യം. പക്ഷേ അതു കണ്ടു കഴിഞ്ഞപ്പോൾ എനിക്കു തോന്നിയത് ഇനിയൊരു മൂന്നു മണിക്കൂർ കൂടി ദൈർഘ്യമുണ്ടായിരുന്നെങ്കിൽ എന്നാണ്. അത്രമാത്രം ഹൃദയഹാരിയാണ് ഈ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും. പ്രശസ്ത നിരൂപകൻ റോജർ എബർട്ട്, സിനിമയുടെ ദൈർഘ്യത്തെക്കുറിച്ച് പറഞ്ഞൊരു രസകമായൊരു വാചകമുണ്ട്. No good movie is too long, just as no bad movie is short enough.(പ്രധാനകഥാപാത്രങ്ങളെ ഫോക്കസിൽ നിർത്തി ചരിത്രത്തെ നോക്കിക്കാണുന്ന സിനിമകൾ മറ്റു രാജ്യങ്ങളിൽ നിന്നും വന്നിട്ടുണ്ട്. ചൈനീസ് ഫിലിം Farewell my Concubine, മലയാളത്തിലെ ഡാനി ഒക്കെ ഈ ഗണത്തിൽ പെടുത്താവുന്നതാണ്.)

ബാറിയ കണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഈ കുറിപ്പെഴുതാനായി ഇരിക്കുമ്പോൾ എനിക്ക് ഓർമ്മിക്കാനാവുന്നത്- ഡിസൈനർ ഷർട്ടിന്റെ പരസ്യത്തിലെ മോഡലിനെപ്പോലെ സുന്ദരനായ നായകൻ(Francesco Scianna), രസകരങ്ങളായ കുറെ രംഗങ്ങൾ, പഴയ സിസിലിയുടെ കുറച്ച് നല്ല ഇമേജുകൾ, കൈമാക്സിനോടടുത്ത് സംവിധായക കാണിച്ച ആഖ്യാനത്തിലെ ഒരു ചെറിയ നമ്പർ, Ennio Morriconeയുടെ സുന്ദരൻ സംഗീതം - തീർന്നു. ഭംഗിയുള്ള കുറെ രംഗങ്ങളുടെ തുടർച്ച എന്നല്ലാതെ ബാറിയ ഒരിക്കലും നല്ല സിനിമയാകുന്നില്ല. ഇറ്റലിയിൽ ഇതുവരെ നിർമ്മിച്ച ചലചിത്രങ്ങളിൽ ഏറ്റവും ചെലവേറിയതാണിത്. മോണിക്ക ബെലൂച്ചി, ലൂയിജി ലൊ കാസ്യോ തുടങ്ങിയ പ്രഗത്ഭ നടീനടന്മാർ താരത‌മ്യേന അപ്രധാനമായ വേഷങ്ങളിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. അതിൽത്തന്നെ, ബെലൂച്ചിയുടെ കഥാപാത്രത്തിന് ഏതാണ്ട് 10 സെക്കന്റ് സ്ക്രീൻ ടൈം മാത്രമേയുള്ളു (അതാകട്ടെ, ഒരു രതി രംഗവുമാണ്).

ഒരു പശുവിനെ കൊന്ന് അതിന്റെ ചോരകുടിക്കുന്നത് വിശദമായി ചിത്രീകരിച്ചിരിക്കുന്ന ഒരു രംഗത്തിന്റെ പേരിൽ ഇറ്റലിയിലും അമേരിക്കയടക്കമുള്ള പടിഞ്ഞാറൻ രാജ്യങ്ങളിലും ഈ ചിത്രത്തിനു പ്രതികൂലപ്രചാരണങ്ങളെ നേരിടേണ്ടി വന്നു-ആനിമൽ ടോർച്ചറിന്റെ പേരിൽ. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് ടുനീഷ്യയിലെ ഒരു ഭീമാകാരൻ സെറ്റിലാണ്. തൊർണാത്തോറെയുടെ സിസിലി കൃത്രിമമാണെന്ന് ചുരുക്കം. ഈ സിനിമയുണ്ടാക്കുന്ന ചിന്തയും അതുപോലെ തന്നെ. ഈ കഥയും ചരിത്രവുമെല്ലാം കൃത്രിമാണെന്ന് ഇ സിനിമ തന്നെ നമ്മോടു പറയുണ്ടോ? രണ്ടര മണിക്കൂർ ദൈർഘ്യമുള്ളൊരു ട്രെയിലർ പോലെ, ഒരുപാട് ഇമേജുകൾ, എന്നാൽ അവ ചേർന്ന് ഒരു നല്ല സിനിമയാകുന്നുമില്ല. ഒരുപക്ഷേ, സിനിമാ പാരഡീസോ, മലേന എന്നീ മാസ്റ്റർപീസുകൾക്ക് ശേഷം വന്നു എന്നത് മാത്രമായിരിക്കാം ഈ സിനിമയുടെ പ്രശ്നം.