Thursday, May 24, 2007

Cache (2005)

സിനിമ, നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണെന്ന്‌ പറഞ്ഞത്‌ ഫ്രഞ്ച്‌ ചലചിത്രകാരന്‍ ഗൊദാര്‍ദ്‌ ആണ്‌. ഫ്രെഞ്ച്‌ ഭാഷയില്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ആസ്ത്രിയന്‍ സംവിധായകന്‍ മിഷേല്‍ ഹാനേക്‌(Michael Haneke) പറഞ്ഞത്‌ സിനിമ നിമിഷത്തില്‍ 24 ഫ്രെയിമുള്ള നുണയാണെന്നാണ്‌. യഥാര്‍ത്ഥത്തില്‍ നാം കാണുന്നതല്ല നാം കാണുന്നതെന്ന്‌ വിചാരിക്കുന്നത്‌ എന്ന്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ്‌ ഹാനേകിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രമായ Cache(hidden)(2005). മനശാസ്ത്രപരമായ സാധ്യതകളുള്ള ഒരു ത്രില്ലര്‍, സാമൂഹ്യവിമര്‍ശനം സാധ്യമാക്കുന്ന, ഉന്നതമായ കലാമൂല്യമുള്ള ഗൗരവമേറിയ ഒരു കലാസൃഷ്ടി, ചരിത്രത്തെക്കുറിച്ച്‌ നൂതനമായ ഒരു കാഴ്ചപ്പാട്‌ ഇവയിലേതെങ്കിലും ഒന്ന്‌ നേടാനായാല്‍ തന്നെ അത്‌ സിനിമയെ ശ്രദ്ധാര്‍ഹമാക്കുന്നുവെങ്കില്‍ Cache ഒരേ സമയം ഇതെല്ലാമാണ്‌.




Cache തീര്‍ച്ചയായും എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന ഒരു Entertainer അല്ല. തന്റെ സിനിമയുടെ കാഴ്ചക്കാര്‍ ഏതു തരം ആളുകളാണെന്ന്‌ ഹാനേക്കിന്‌ കൃത്യമായറിയാം. തന്റെ കാണികളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്ത അവര്‍ (നമ്മള്‍) സ്വയം തങ്ങളെക്കുറിച്ച്‌ വംശവെറിയുള്ളവരെന്നോ ജാതിവ്യത്യാസങ്ങള്‍ പരിഗണിക്കുന്നവരെന്നോ ഒരിക്കലും കരുതാത്ത വിദ്യാസമ്പന്നരും, ലിബറലുമായ മധ്യവര്‍ഗക്കാരാണെന്നാണ്‌. മാത്രമല്ല അവര്‍ ഈ സിനിമയിലെ മുഖ്യ കഥാപാത്രങ്ങളായ ജോര്‍ജ്ജിനേയും ആനിയേയും പോലെ കലയിലും സാഹിത്യത്തിലും താത്‌പര്യമുള്ളവരാണെന്ന്‌ കൂടി സംവിധായകന്‍ പ്രതീക്ഷിക്കുന്നു.



സിനിമ തുടങ്ങുന്നത്‌ പാരീസിന്റെ പ്രാന്തങ്ങളിലുള്ള ഒരു വീടിന്റെ, അനേകം മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഒരു static medium range ഷോട്ടിലൂടെയാണ്‌. ദമ്പതികളായ ജോര്‍ജും ആനിയും ഒരു വീഡിയോ കാണുകയാണ്‌. ഇത്‌ നമുക്ക്‌ ആദ്യം മനസ്സിലാവുകയില്ല. അത്‌ അവരുടെ വീടിന്റെ പുറമെ നിന്ന്‌ കിട്ടിയതാണ്‌. പിന്നീട്‌ നാം മനസ്സിലാക്കുന്നു ഇത്‌ അവരുടെ തന്നെ വീടിന്റെതാണ്‌. ഈ വീഡിയോ അതില്‍ തന്നെ അപകടകരമല്ല. പക്ഷെ അതിന്റെ ഉറവിടം അജ്ഞാതമാണെന്നതാണ്‌ ഇവിടെ ഭീതിജനകം.


ജോര്‍ജ്ജ്‌ (Daniel Auteuil) ഒരു ടിവി ചാനലില്‍ സാഹിത്യപ്രധാനമായ ഒരു ചര്‍ച്ചാപരിപാടിയുടെ അവതാരകനാണ്‌. ആനിയാകട്ടെ (Juliette Binoche) ഒരു പുസ്തകപ്രസാധന സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഇവരെ കൂടാതെ പന്ത്രണ്ട്‌ വയസ്സുള്ള മകനാണ്‌ കുടുംബത്തിലെ മറ്റൊരംഗം. ഈ വീഡിയോ ടേപ്പ്‌ ആരുടെ സൃഷ്‌ടിയാണെന്ന്‌ തനിക്കറിയാമെന്ന്‌ ജോര്‍ജ്ജ്‌ സംശയിക്കുന്നു. ഇവിടെയാണ്‌ മജീദ്‌ കഥയിലേക്ക്‌ വരുന്നത്‌. അള്‍ജീരിയക്കാരായ മജീദിന്റെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ ചെറുപ്പകാലത്ത്‌ വീട്ടിലെ ജോലിക്കാരായിരുന്നു. അവര്‍ 1961 ല്‍ അള്‍ജീരിയന്‍ വംശീയര്‍ക്കെതിരെ പാരീസില്‍ നടന്ന കൂട്ടവെടിവെയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ ജോര്‍ജ്ജിന്റെ മാതാപിതാക്കള്‍ മജീദിനെ ദത്തെടുക്കാന്‍ ശ്രമിക്കുന്നു. മജീദിനെ വംശീയമായ വ്യത്യാസങ്ങളുടെ പേരില്‍ വെറുത്തിരുന്ന ജോര്‍ജ്ജ്‌ മജീദിനെതിരെ നുണകള്‍ ആസൂത്രണം ചെയ്യുകയും അങ്ങനെ മജീദ്‌ അനാഥമന്ദിരത്തിലേക്ക്‌ മാറ്റപ്പെടുകയും ചെയ്യുന്നു.

തനിക്ക്‌ കിട്ടിയ മറ്റൊരു ടേപ്പ്‌ പിന്തുടരുന്ന ജോര്‍ജ്ജ്‌ എത്തിപ്പെടുന്നത്‌ മജീദിന്റെ വീട്ടില്‍ തന്നെയാണ്‌. മജീദാകട്ടെ തന്റെ നിരപരാധിത്വം തെളിയിക്കാനാവുന്നതു പോലെ ശ്രമിക്കുന്നുണ്ട്‌. ജോര്‍ജ്ജാകട്ടെ തന്റെ സ്വതസിദ്ധമായ അഹങ്കാരത്തോടും ധാര്‍ഷ്‌ട്യത്തോടും കൂടിയാണ്‌ മജീദിനെ നേരിടുന്നത്‌. ഇങ്ങനെ ഒരു സ്ഥിതിയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞു മറിയുന്നതേയുള്ളൂ.

എളുപ്പത്തിലുള്ള ഒരു ഉത്തരത്തിനും Cache ശ്രമിക്കുന്നില്ല. High defenition വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ സംവിധായകന്‍ ഇവിടെ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്നത്‌. ഇതിനാല്‍ നാം കാണുന്നത്‌ സിനിമയാണോ, വീഡിയോ ടേപ്പാണോ എന്ന്‌ തിരിച്ചറിയാനോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കൃത്യമായി മനസ്സിലാക്കാനോ പ്രേക്ഷകന്‌ കഴിയുന്നില്ല. സിനിമ എന്നത്‌ നിമിഷത്തില്‍ 24 ഫ്രെയിമുള്ള സത്യമാണോ അതൊ നുണയാണോ അതോ രണ്ടിന്റെയും ഇടയിലെന്തെങ്കിലുമാണോ എന്ന സന്ദേഹം തീര്‍ച്ചയായും പ്രേക്ഷകനിലുണ്ടാവുന്നു. തന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്കുള്ള എല്ലാ സൂചനകളും സംവിധായകന്‍ പകല്‍ വെളിച്ചത്തിലെന്ന പോലെ തുറന്നു വെയ്ക്കുന്നതിനാല്‍ സൂചനകള്‍ നാം കാണാതെ പോകുന്നു. ജോര്‍ജ്ജിന്റെയും ആനിയുടേയും ആംഗിളില്‍ നിന്നാണ്‌ നാം വീഡിയോ ടേപ്പിന്റെ പ്രശ്‌നത്തെ സമീപിക്കുന്നതെങ്കിലും നാമും അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നതിനാല്‍ വീഡിയോ ടേപ്പുകള്‍ ഉണ്ടാക്കുന്ന അജ്‌ഞ്ഞാതനെപ്പോലെ ഒളിഞ്ഞുനോട്ടക്കാരനും കടന്നുകയറ്റക്കാരനുമാക്കപ്പെടുന്നു.

വെറുമൊരു ത്രില്ലര്‍ സൃഷ്ടിക്കുകയല്ല സംവിധായകന്റെ ഉദ്ദേശ്യം എന്ന് വ്യക്തം. അസാധാരണമായ രീതിയിലുള്ള Editing, പശ്‌ചാത്തല സംഗീതത്തിന്റെ അസാനിധ്യം, ഞൊടിയിടയില്‍ രൂപപ്പെടുന്നതും അതികഠിനവുമായ വയലന്‍സ്‌ എന്നിവയിലൂടെ ഒരു Entertainer അല്ല തന്റെ സൃഷ്ടി എന്നദ്ദേഹം പ്രഖ്യാപിക്കുന്നു. മറിച്ച്‌, ജോര്‍ജ്ജ്‌, ആനി എന്നീ മുഖ്യകഥാപാത്രങ്ങളുടെ ബൂര്‍ഷ്വാ ജീവിതത്തെ പ്രതീകമാക്കി, യാഥാസ്ഥിതിക പടിഞ്ഞാറന്‍ സമൂഹത്തെ കീറിമുറിച്ച്‌, കിഴക്കിനോടും മൂന്നാം ലോക രാജ്യങ്ങളോടും പടിഞ്ഞാറിന്റെ സമീപനത്തിന്റെ ഫ്രെയിമിലൂടെ പരിശോധിക്കുന്നു അദ്ദേഹം. സാമൂഹികമായ ഈ മാനത്തിനു പുറമെ, ചരിത്രപരമായ കുറ്റബോധം സാമൂഹികജീവിതത്തില്‍ എങ്ങനെ പരിവര്‍ത്തനത്തിനു വിധേയമാകുന്നു, സൂക്ഷ്‌മതലത്തില്‍ അതായത്‌ വ്യക്തി ജീവിതത്തില്‍ അത്‌ എങ്ങനെ പ്രകാശിതമാകുന്നു എന്നൊരു മനശാസ്‌ത്രപരമായ ഒരു മാനം കൂടി ഈ ചിത്രത്തിനുണ്ട്‌.
വീഡിയോ ടേപ്പുകള്‍ സൃഷ്ടിക്കുന്ന ഭീതിയെക്കുറിച്ചും തന്റെ മകനെക്കുറിച്ചും ഭര്‍ത്താവിന്റെ വിശ്വസ്‌തതയെക്കുറിച്ചും എല്ലാം ഉത്‌കണ്ഠയില്‍ വളരുന്ന ആനിയെ അവതരിപ്പിച്ച Juliette Binoche കഥയുടെ പുരോഗതിയെയും സസ്‌പെന്‍സിനെയും മുറുക്കമുള്ളതാക്കുന്നു. Binoche യുടെ സ്വതവെയുള്ള Vulnerable face ആനിക്ക്‌ തികച്ചും അനുയോജ്യമാണ്‌. എന്നാല്‍ സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിക്കുന്ന, കുറ്റബോധത്തെ മനസ്സിന്റെ അടിത്തട്ടില്‍ മൂടിവെയ്ക്കുന്ന ജോര്‍ജ്ജിനെ അവതരിപ്പിച്ച ദാനിയേല്‍ ആഷ്‌ലി (Daniel Auteuil) യാണ്‌ സിനിമയുടെ മുഖ്യ ആശയത്തെ തോളിലേറ്റുന്നത്‌. അള്‍ജീരിയന്‍ വംശജരോടുള്ള ക്രൂരതകളുടെ ചരിത്രത്തെ മൂടി വെയ്ക്കുന്ന മുഖ്യധാരാ ഫ്രഞ്ച്‌ സമൂഹം, മാത്രമല്ല മുഴുവന്‍ പടിഞ്ഞാറന്‍ സാംസ്കാരിക ചരിത്രത്തിനു തന്നെ ജോര്‍ജ്ജ്‌ ഒരു metaphor ആകുന്നു. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ സംഭവവികാസങ്ങളാല്‍ അസ്വസ്‌ഥനാക്കപ്പെടുന്ന ജോര്‍ജ്ജ്‌ തന്റെ മുറിയില്‍ കയറി വാതിലുകളും ജനലുകളും അടച്ച്‌, ഉറക്കഗുളികകള്‍ കഴിച്ച്‌ ഉറങ്ങി വിശ്രമിക്കാനാണ്‌ ശ്രമിക്കുന്നത്‌...
Cache കണ്ടു കഴിയുമ്പോള്‍ ഏറ്റവും ഉപരിതലത്തിലുണ്ടാവുന്ന ചോദ്യം ആരാണ്‌ വീഡിയോ ടേപ്പുകള്‍ സൃഷ്‌ടിച്ചത്‌ എന്നതാവാം...ഈ ചോദ്യം ഗൗരവമായെടുക്കുന്ന പ്രേക്ഷകന്‌ ഉത്തരം കണ്ടുപിടിക്കുക എന്നത്‌ ബുദ്ധിപരമായ ഒരു വെല്ലുവിളിയാണ്‌. ഇനി നിങ്ങള്‍ എത്തിച്ചേരുന്ന ഉത്തരമാകട്ടെ നിങ്ങളുടെ ചിന്താരീതിയെയും സാമ്പത്തിക - സാമൂഹിക നിലകളേയും ആശ്രയിച്ചു കൂടിയിരിക്കും. ഈ ചോദ്യത്തിന്‌ എനിക്കു കിട്ടിയ ഉത്തരം ഇവിടെ പങ്കു വെയ്ക്കുന്നില്ല. ചിത്രം കാണുന്നവരുണ്ടെങ്കില്‍ അവരുടെ കൂടി താത്‌പര്യപ്രകാരം പിന്നീട്‌ ചര്‍ച്ച ചെയ്യാനായി മാറ്റി വെയ്‌ക്കുന്നു. ചിത്രത്തിലൊരിക്കല്‍ ജോര്‍ജ്ജ്‌ അവതരിപ്പിക്കുന്ന ടിവി പ്രോഗ്രാമിനു ശേഷം പരിപാടിയുടെ end credits കഴിയുന്നതു വരെ ഇരിപ്പിടത്തില്‍ തന്നെയിരിക്കാന്‍ നിര്‍മ്മാതാവ്‌ ആവശ്യപ്പെടുന്നുണ്ട്‌. ഇത്‌ പ്രേക്ഷകനോടുള്ള സംവിധായകന്റെ നിര്‍ദ്ദേശമാണ്‌...End credits വരെ ശ്രദ്ധയോടെ കാണുക....